ആറടി മൂന്നിഞ്ച് പൊക്കവും കരിവീട്ടി കടഞ്ഞെടുത്ത ശരീരവുമുള്ള ഒരു വിഗ്രഹമായിരുന്നു പാപ്പാൻ രാഘവൻ. സൂര്യൻ തീഗോളമായി പടിഞ്ഞാറ് എരിഞ്ഞടങ്ങുന്ന നേരത്ത്, തടി മില്ലിന്റെ പണിയും കഴിഞ്ഞു ആനയേയും കൊണ്ട് രാഘവൻ വരുന്ന ഒരു വരവുണ്ട്. തലയുയർത്തി നടക്കുന്ന കൊമ്പന്റെ മേലെ അതിലും തലയെടുപ്പോടെ, അതിന്റെ നടപ്പിന്റെ താളത്തിൽ ദൃഢമായ ആ ശരീരം ആലസ്യത്തോടെ ഇളകും. ആ കടും കറുപ്പിന്റെ ദൃശ്യത്തിൽ, കൂറ്റൻ അന്ധകാരത്തിൽ ഇച്ചിരി വെളിച്ചം തരുന്ന പാലൊളി ചന്ദ്രനെ പോലെ രാഘവ്‌റെ തലയിലെ കെട്ടും, കൊമ്പന്റെ കൊമ്പും മാത്രം വെളുത്തിരിക്കും. പുഴക്കരയിൽ എത്തുമ്പോൾ ഓളങ്ങൾ മനസിളകിയ പെൺകിടാങ്ങളെ പോലെ രാഘവനെ പുൽകാൻ കൊതിച്ച് ആർത്തലച്ചു വന്നു കൊമ്പന്റെ കാൽപാദങ്ങളെ പൊതിയും. പിന്തിരിഞ്ഞു പോയി വീണ്ടും രാഘവന്റെ അടുത്ത് വരാൻ ശ്രമിക്കും - രാഘവൻ ആനപുറത്തു നിന്നിറങ്ങി തന്റെ കാൽപാദങ്ങൾ ഓളങ്ങൾക്ക് പുൽകാൻ കൊടുക്കുന്നത് വരെ.
പുഴക്കരയിലെ വൈകുന്നേരത്തെ ആ കുളി അയ്യപ്പനെ കാണാൻ പോകുന്ന പോക്കിന്റെ മുന്നൊരുക്കമാണ്. അതാണ്,അത് മാത്രമാണ് രാഘവന്റെ ഒരു ദുശ്ശീലം. അയ്യപ്പന്റെ കള്ള് . വേറെ ഒരു ഷാപ്പിലും രാഘവൻ പോകില്ല, വേറെ ഒരു വഴി വിട്ട രീതിയും രാഘവനില്ല - പെണ്ണായോ, പുകയായോ, മറ്റെന്തുമായോ. അയ്യപ്പന്റെ കള്ളിനു മുമ്പിൽ രാഘവൻ സാഷ്ടാംഗം നമിക്കും, പിന്നെ ഇഴയും , കുഴയും, കോപ്രായങ്ങൾ കാട്ടും , പിന്നെ ഒടുങ്ങും - വർഗീസിന്റെ വാഴ തോട്ടത്തിലോ, അമ്പലത്തിനു മുൻപുള്ള ആലിൻ ചോട്ടിലോ. ആദിത്യൻ ആസനത്തെ അലങ്കരിക്കുന്നത് വരെ.
അന്നും കുളിച്ചു വൃത്തിയായി നല്ല വെളുത്ത കള്ളിമുണ്ടും , അലക്കി വെളുപ്പിച്ച ഒരു ഷർട്ടും എണ്ണ തേച്ചു ചീകിവെച്ച തലമുടിയുമായി രാഘവൻ കള്ളിനെ പ്രാപിക്കാൻ എത്തി. കാലുറയ്ക്കാതെ കണ്ണുറയ്ക്കാതെ അയപ്പന്റെ കള്ളുഷാപ്പിൽ കിടന്ന് മദ്യം പകർന്നാടി. ഒടുക്കം വേലിയേറ്റവും വേലിയിറക്കവും പോലെ ബോധം അവനിൽ നശിച്ചും ഉണർന്നും തത്തിക്കളിച്ചു തുടങ്ങി. തന്റെ നാലാമത്തെ ഛർദ്ദി കഴിഞ്ഞ് ബോധാവസ്ഥയുടെ അവസാന രംഗത്തിൽ അവൻ ആരോടെന്നില്ലാതെ പ്രഖ്യാപിച്ചു:
- “ഞാനിന്നു ചാവും. മതി, ജീവിതം മതിയായി. ഇതെന്തൊരു ജീവിതം. ചാവാണ് ബേദം” –
ഇത്രയും പറഞ്ഞിട്ട്, ബോധാവസ്ഥ “ശുഭം" എന്നെഴുതി കാണിക്കുന്നതിന് മുൻപ് അവനാ ഷാപ്പിൽ നിന്നിറങ്ങി ഇരുട്ടിലേക്ക് നടന്നു. സഹമോന്തുക്കാർ അലോചനാമഗ്നരായി. ആ അരണ്ട വെളിച്ചത്തിൽ തങ്ങളുടെ ഇത്തിരി ബാക്കിയുള്ള ബോധത്തിൽ കണാരേട്ടനും, ദിവാകരനും, അയപ്പനും സമൂഹസേവകരായി.
-“ ഇനി അവൻ കേറിയെങ്ങാനും ചത്തു കളയുമോ? പണ്ടേ ദിക്കും പൊക്കും ഇല്ലാത്ത ചെക്കനാണ്. –“
-“ ഹേയ്, അതു ചുമ്മാ വെള്ളത്തിന്റെ പൊറത്തുള്ള കാച്ചല്ലേ? അവനാ വഴീലെങ്ങാനും വീണ് കെടപ്പുണ്ടാവും, നിങ്ങള് നോക്കിക്കോ ! – “
- “അതു പറയല്ലെ അയ്യപ്പാ ! ഇവനാണ് പണ്ട് ഒരുഗ്രൻ കള്ള് കുടി കഴിഞ്ഞിട്ട് നട്ടപ്പാതിരയ്ക്ക് ആ പൊഴ നീന്തി അക്കരെ പോയത്. അതും മഴയത്ത്, നല്ല ഒഴുക്കൊള്ളപ്പം. അവനെ വിശ്വസിചൂടാ, കണാരേട്ടാ നമുക്കൊന്ന് പോയി നോക്കിയാലോ?“ –
- “ബാ, നമുക്കൊന്ന് പോയി നോക്കാം. അയ്യപ്പാ നീ ഷാപ്പ് പൂട്ടിയിറങ്ങുമ്പൊ ആ ആൽച്ചോട്ടിലോട്ട് വാ”-
അധികം പോകേണ്ടി വന്നില്ല. രാഘവനെ തെക്കേക്കണ്ടത്തെ വർഗീസിന്റെ വാഴത്തോപ്പിൽ കണ്ടെത്തി. ചെളിപ്പൂണ്ട്, ചളമൊലിച്ച് അവനവിടെ മുരണ്ടു കൊണ്ട് കിടപ്പുണ്ടായിരുന്നു. കണാരേട്ടനും ദിവാകരനും കൂടി അവനെ പൊക്കിയെടുത്ത് താങ്ങി കൊണ്ട് പോയി ആൽമരച്ചോട്ടിൽ കിടത്തി.
കുറച്ചു കഴിഞ്ഞപ്പോൾ അയ്യപ്പനുമെത്തി. അവർ സൊറ പറഞ്ഞിരുന്നു. കാര്യമില്ലാത്ത കാര്യങ്ങൾ. ആരാന്റെയോ കത്തിക്കുത്ത് കഥകൾ, കാമവിഭ്രാന്തികൾ, കദന കിസ്സകൾ. ആരൊക്കയോ എപ്പോഴൊക്കയോ മയങ്ങി. ഒറ്റയ്ക്കും, തെറ്റയ്ക്കും അവസാനം ഒരുമിച്ചും. രാഘവൻ അല്ലല്ലില്ലാതെ “സുരക്ഷിതാനായി” കിടന്നുറങ്ങി.
അതിരാവിലെ, കിളി ചിലച്ചു തുടങ്ങിയപ്പോൾ തന്നെ കണാരേട്ടനെ വിളിച്ചുണർത്തിയത് രാഘവനായിരുന്നു.
-“ഇതെന്ത് കണാരേട്ടാ ഇത് ? എനിക്കു നിങ്ങള് കാവലിരിക്കയാണോ? എന്തിന് എല്ലാരുമിവിടെ?” –
എല്ലാരും ഉണർന്നു. രാഘവനെ തുറിച്ചു നോക്കി അയ്യപ്പൻ ചൊടിച്ചു.
-“മൂക്കറ്റം കുടിച്ചോണ്ട് അവന്റെ ചാവു ഭീഷണി. എടാ പൊലയാടി മോനെ ഇനി ഇങ്ങനെയെങ്ങാനും സംഭവിച്ചാ അന്നു നിന്നെ ഞാൻ തന്നെ കെട്ടിത്തൂക്കും, നോക്കിക്കോ !-“
രാഘവൻ തലകുമ്പിട്ടിരുന്നു. അവർ രാഘവന് സംഭവത്തിന്റെ ഒരേകദേശ രൂപം നൽകി ഉദ്ബുദ്ധനാക്കി. മിണ്ടാതിരുന്നു വേദവാക്യം ശ്രവിച്ചു മദ്യപുംഗവന്‍.
-“നീ പൊരയിപ്പോയിക്കെടന്നുറങ്ങാൻ നോക്ക് രാഘവാ”-
-“ഒന്നു കുളിച്ചിട്ടു പോകാം കണാരേട്ടാ”- രാഘവൻ പറഞ്ഞു. പിരിഞ്ഞപ്പോഴും അയ്യപ്പൻ പിറുപിറുക്കുന്നുണ്ടായിരുന്നു.
ഒന്നു മയങ്ങി, പല്ലു തേച്ച് കണാരേട്ടൻ രാവിലെ കൊച്ചൂഞ്ഞിന്റെ ചായ കടയിലേക്കു പോയി. അവിടെ ഒരു ചായയും, കടിയായി രാഷ്ട്ര മീമാംസയും ഭക്തിയോടെ രാഘവ ചരിതവും പറഞ്ഞിരിക്കുമ്പോൾ വിലാസിനിയുടെ ചെക്കൻ ഓടി വന്നു വിളിച്ചു കൂവി
-“രാഘവനതാ പുഴക്കരയിലെ പ്ലാവിൽ തൂങ്ങി കിടക്കണ്”-
കണാരേട്ടൻ സ്തബ്ധനായി. പോയി നോക്കുമ്പോൾ, രാഘവനവിടെ , കുളിച്ചു സുമുഖനായി, തന്റെ ഛർദ്ദി വീണ ഷർട്ട് അലക്കി വിരിച്ച്, സുസ്മേരവദനനായി തന്റെ ലുങ്കി മേൽ തൂങ്ങി നിന്നാടുന്നു.
ഇന്നലെ ആ ആൽമരത്തിന്റെ പിന്നിൽ കാത്തു നിന്നിട്ടുണ്ടാവും മരണം, കണാരേട്ടൻ ആലോചിച്ചു. ഒരു രാത്രി മുഴുവൻ. എന്തായിട്ടാവും അത് രാഘവനെ സമീപിച്ചിട്ടുണ്ടാവുക ? എന്തായാലും പതിഞ്ഞ കാലടികളോടെ രാഘവനെ പിന്തുടർന്നിട്ടുണ്ടാകണം ഇന്നു രാവിലെ. തന്റെ ഷർട്ടലക്കി, കുളിച്ചു കയറി വന്ന രാഘവനെ നോക്കി സൌമ്യമായി ചിരിച്ചിട്ടുണ്ടാകണം. അവന്റെ മനസ്സ് ചഞ്ചലമാകാതെ ധൈര്യം കൊടുത്തിട്ടുണ്ടാകണം. അവൻ കൊമ്പിൽ നിന്നു താഴേക്കു ചാടുമ്പോൾ അവസാന ശ്വാസം വരെ അവന്റെ കണ്ണിൽ നോക്കി അതിന്റെ നിസ്സഹായത ആസ്വച്ചിട്ടുണ്ടാവണം, അവസാനം അവന്റെ ജീവനെയെടുത്ത് കൈക്കുടന്നയിൽ വച്ച് ആർത്തട്ടഹസിച്ചിട്ടുണ്ടാവണം. അതെ, മരണം ഒരു പെണ്ണാവണം. അതോ കരുത്തനായ ഒരു കിരാതനോ ? നനുത്ത തെന്നലോ ? സമയമോ , നമ്മുടെ മനസ്സോ , അശരീരികളോ ? നമ്മൾ തന്നെയോ ?ആലിലകൾ കാറ്റിൽ ഇളകിയാടി കണാരേട്ടനെ നോക്കി ചിരിച്ചു. ശക്തി ക്ഷയിച്ച് ഊർന്നു വീഴാനൊരുങ്ങുന്ന ആ ശരീരത്തെ രണ്ടു കരങ്ങൾ താങ്ങി തങ്ങളോടടുപ്പിച്ചു നിർത്തി.